തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഹോസ്റ്റലില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികമായ അസ്വസ്തകള്‍ അനുഭവപ്പെട്ടു. കോളജിലെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളില്‍ഭക്ഷ്യവിഷബാധയുണ്ടായി.
ഇരു ഹോസ്റ്റലിലും താമസിക്കുന്ന 73 പേര്‍ക്ക് കോഴിയിറച്ചിയുടെ കൂടെ നല്‍കിയ ചിക്കന്‍ പാര്‍ട്‌സില്‍നിന്നാണ് വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം 10 പേര്‍ക്ക് വയറുവേദനയും മൂന്നുപേര്‍ക്ക് ഛര്‍ദിയും ഒരാള്‍ക്ക് വയറിളക്കവും രണ്ടു പേര്‍ക്ക് പനിയും ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോളജിലെ ഹോസ്റ്റലും പരിസരവും പരിശോധിക്കുകയും ആരോഗ്യ ബോധവത്കരണവും നിര്‍ദേശങ്ങളും നല്‍കി. കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. വിദ്യാര്‍ഥികളെ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ വിദഗ്ധമായി പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.
കുട്ടികള്‍ക്ക് ഭക്ഷണം വിതരണം നടത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. കൃത്യമായ ലൈസന്‍സുള്ള സ്ഥാപനങ്ങളും ആരോഗ്യ ശുചിത്വ സര്‍ട്ടിഫിക്കറ്റുള്ള പാചക തൊഴിലാളികളും മാത്രമേ ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പാടുകയുള്ളൂ എന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിന്ത വിനോദ് അറിയിച്ചു.
കോളജില്‍ പഴഞ്ഞി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പി ജോബിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി. ഭക്ഷണം വിതരണം നടത്തിയ ഏജന്‍സിയുടെ ലൈസന്‍സും അനുബന്ധ രേഖകളും പരിശോധിച്ചു. ഭക്ഷ്യവിഷബാധ നിയന്ത്രണ വിധേയമാണെന്ന് സംഘം വിലയിരുത്തി.
ഡോ. നിമിത തരകന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ചന്ദ്രന്‍ സി സി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷെമീന കെ എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ പ്രേംരാജ്, ബിഞ്ചു ജേക്കബ് സി തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ കോളജിലെ പരിസരം, പഞ്ചായത്തിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവ പരിശോധിക്കും.
കോളജില്‍ മാലിന്യ സംസ്‌കരണവും ശുചിത്വവും പകര്‍ച്ചവ്യാധി നിയന്ത്രണവും ലക്ഷ്യംവച്ച് പ്രത്യേക കമ്മിറ്റിക്ക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് വിജോയുടെ നേതൃത്വത്തില്‍ രൂപം നല്‍കി. മാസത്തില്‍ രണ്ടുതവണ കോളജിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും.