Spread the love

വലിയപെരുന്നാൾ ആഘോഷവും ട്രോളിങ് നിർത്തിയതും കണക്കിലെടുത്ത് ഓപ്പറേഷൻ മത്സ്യ ശക്തമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗം. പെരിന്തൽമണ്ണ, മലപ്പുറം, ചട്ടിപ്പറമ്പ്, മങ്കട ഭാഗങ്ങളിൽ ഇതിനകം വകുപ്പ് പരിശോധന തുടങ്ങി. പെരിന്തൽമണ്ണയിൽ മാത്രമാണ് ഫോർമാലിൻ അടങ്ങിയ മീൻ പിടികൂടിയത്. രണ്ടുകിലോ നത്തോലിയിലായിരുന്നു ഫോർമാലിൻ കണ്ടെത്തിയത്. ഇതു നശിപ്പിച്ചു.

മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പലയിടത്തും ഐസ് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വലിയ മത്സ്യങ്ങളിൽ ഐസ് ആവശ്യത്തിനിട്ടില്ലെങ്കിൽ കേടുവരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിച്ച് കഷണങ്ങളാക്കി വിൽക്കുമ്പോൾ. ഐസിന്റെ അളവ് കുറയ്ക്കരുതെന്ന് കച്ചവടക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കാനുള്ള ശ്രമത്തിലാണെന്ന് മലപ്പുറം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ കെ.ജി. രമിത പറഞ്ഞു.

കേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽവന്നതു മുതൽ മീനിനു വിലയും കൂടിയിരുന്നു. തമിഴ്‌നാടിൽ നിന്നായിരുന്നു മലയാളികൾക്ക് തീൻമേശയിൽ രുചി കൂട്ടാൻ കൂടുതലായും മീനുകളെത്തിയത്. മത്തി, അയല എന്നിവയായിരുന്നു അതിൽ പ്രധാനം. ഇപ്പോൾ കേരളത്തിലെ തീരപ്രദേശങ്ങളിൽ ചെറുവള്ളങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ട്. അതു കൊണ്ട് മീൻ ധാരാളം കിട്ടാനും വിലകുറയാനും കാരണമായി. 260 രൂപയുണ്ടായിരുന്ന മത്തിക്ക് 120-140 ആയി. 300 ഉണ്ടായിരുന്ന വലിയ അയല 140 നു കിട്ടാൻ തുടങ്ങി.

Leave a Reply