ന്യൂഡൽഹി: സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചതിൽ കേന്ദ്രസർക്കാരിനോട് അതൃപ്തിയറിയിച്ച് സംസ്ഥാനം. ഡൽഹിയിൽ നടന്ന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിലാണ് പ്രതിഷേധമറിയിച്ചത്. വെട്ടിക്കുറച്ച അരിവിഹിതത്തിനുപകരം പോഷകമൂല്യമുള്ള ഫോർട്ടിഫൈഡ് അരി നൽകാമെന്ന് കേന്ദ്രം പ്രതികരിച്ചു. മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് വെട്ടിക്കുറച്ച ഗോതമ്പിന് പകരമായി റാഗിയും മറ്റു ധാന്യങ്ങളും അതേ വിലയ്ക്ക് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചത്. കേരളത്തിലേക്ക് അരി കൂടുതലായെത്തുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അരി ഉൽപ്പാദനം കുറച്ച് മറ്റു വിളകൾ കൃഷി ചെയ്യാനുള്ള കേന്ദ്രനിർദേശത്തിൽ കേരളം ആശങ്ക അറിയിച്ചു. മണ്ണെണ്ണയുടെ വിലവർധനവിലും വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിലും പ്രതിഷേധം അറിയിച്ചെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്തിന് പ്രശംസ
സംസ്ഥാന ഭക്ഷ്യവകുപ്പിന് കേന്ദ്രം നൽകാനുണ്ടായിരുന്ന 181 കോടി അടിയന്തരമായി നൽകാൻ നിർദേശം നൽകി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ.
എല്ലാ യോഗങ്ങൾക്കും കൃത്യമായി പങ്കെടുക്കുന്ന കേരളത്തെ കേന്ദ്രമന്ത്രി പ്രശംസിച്ചു. ബിജെപി ഭരിക്കുന്നതടക്കം 11 സംസ്ഥാനങ്ങൾ യോഗത്തിൽനിന്ന് വിട്ടുനിന്നു.