പാട്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിമർശനം നടത്തുന്ന ആളാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്. തന്റെ കാഴ്ചപ്പാടുകൾ നേരിൽ കാച്ചി കുറുക്കി അരികു വൽക്കരിക്കപ്പെട്ട ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ചേർത്ത് വരികളായി മാറ്റുന്നതാണ് രീതി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു പട്ടികജാതിക്കാരൻ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവൻ പട്ടികജാതിക്കാരനായി തുടരുമെന്നും കേരളത്തിൽ ജാതിയില്ല, താൻ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും പറയുകയാണ് വേടൻ.
വേടന്റെ വാക്കുകൾ..
‘കേരളത്തിൽ ജാതി നിലനിൽക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കൽ എളുപ്പമല്ല. ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അതിനെ കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് കേരളത്തിൽ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്’
ഒരു പട്ടികജാതിക്കാരൻ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവൻ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണം. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് അതിന് സാധിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പെട്ടെന്ന് മാറ്റം കൊണ്ടുവരാൻ കഴിയില്ല. നൂറ്റാണ്ടുകൾ എടുത്ത് തീർക്കാൻ പറ്റുന്ന കാര്യമാണ്, വേടൻ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കർ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തിൽ ആളുകളുടെ ഉള്ളിൽ കിടക്കുന്ന കാര്യമാണ്








