Spread the love

സർക്കാർ വാഹനങ്ങൾക്ക്‌ 15 വർഷ കാലാവധി മാത്രം ;15 വർഷം കഴിഞ്ഞാൽ പൊളിക്കും.പൊളിക്കൽ നയം 2022 ഏപ്രിൽ 1 മുതൽ.


ന്യൂഡൽഹി : 15 വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കും. കേന്ദ്ര സ്ക്രാപ്പേജ് നയം (പൊളിക്കൽ നയം) 2022 ഏപ്രിൽ 1 മുതൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെയാണിത്. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ റജിസ്ട്രേഷൻ നൽകൂ. ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതു ബാധകമാകും. ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും ഇതു ബാധകമാവും. ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളിലൂടെയുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും അതു പാസാവുന്ന വാഹനങ്ങൾക്ക് പുനർ റജിസ്ട്രേഷന് ഉയർന്ന ഫീസ് ഈടാക്കുകയുമാണ് പുതിയ നിയമത്തിലെ പ്രധാന കാര്യം. അതി കഠിനമായ നിബന്ധനകളായിരിക്കും ഫിറ്റ്നെസ് ടെസ്റ്റിനുണ്ടാവുക.
സർക്കാർ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ നിർബന്ധമായും പൊളിക്കും. സ്ക്രാപ്പേജ് നയം ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. ഗുജറാത്ത് ഓട്ടമൊബീൽ സ്ക്രാപ്പിങ് നിക്ഷേപക സംഗമത്തിൽ വെർച്വലായി പങ്കെടുക്കവെ ഇന്നലെ പ്രധാനമന്ത്രിയും ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പദ്ധതി അവതരിപ്പിച്ചു.എന്നാൽ,പൊളിക്കാറായ വാഹനങ്ങൾ കേരളത്തിൽ 35 ലക്ഷത്തോളമുണ്ട്.20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട്. 15 വർഷം കഴി‍ഞ്ഞ 15 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്. ഇവ മറ്റു വാഹനങ്ങളെക്കാൾ 10–12 ഇരട്ടി അന്തരീക്ഷ മലിനീകരണമുണ്ടാക്കും.

Leave a Reply