
തൃശൂർ: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹനപൂജ നടത്തി. രവി പിള്ള അടുത്തിടെ വാങ്ങിയ എച്ച് 145 എയർബസ് കോപ്റ്ററാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിച്ച് പൂജ നടത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹനപൂജ നടത്തുന്നത്.
ക്ഷേത്രം ഓതിക്കൻ പഴയം സുമേഷ് നമ്പൂതിരിയാണ് നിലവിളക്ക് കൊളുത്തി വാഹനപൂജ കഴിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കൊല്ലത്ത് നിന്നുമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററിൽ ഗുരുവായൂരെത്തിയത്.
കൊച്ചിവരെ നടൻ മോഹൻലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ വാഹനപൂജയോടെ ഹെലികോപ്റ്റർ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
100 കോടി രൂപ മുടക്കിയാണ് രവി പിള്ള എച്ച് 145 എയർബസ് വാങ്ങിയിരിക്കുന്നത്. ഈ ശ്രേണിയിലെ ഹെലികോപ്റ്ററുകളിൽ 2 പൈലറ്റുമാരടക്കം 10 പേർക്ക് യാത്ര ചെയ്യാം. കോപ്റ്ററിൻറെ ബോഡി നിർമ്മിച്ചിരിക്കുന്നത് ബെൻസാണ്. 241 km/h വേഗതയാണ് ഹെലികോപ്റ്ററിൻറെ ക്രൂയിസ് സ്പീഡായി കണക്കാക്കിയിട്ടുള്ളത്.