കോഴിക്കോട്: സത്രീകൾക്ക് മാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി. വനിതാ ദിനത്തോടനുബന്ധിച്ചാണ് മാർച്ച് എട്ട് മുതൽ 13-വരെ ‘വനിതായാത്രാ വാരം’ നടത്തുന്നതിന് കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്.
അടുത്തകാലത്ത് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിനോദസഞ്ചാര ട്രിപ്പുകൾ ക്രമീകരിച്ച് നൽകുന്നതാണ്.
14 ജില്ലകളിൽനിന്ന് യാത്രകൾ:
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 56 ട്രിപ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഏകദിന യാത്രകളാണ് കൂടുതലായുമുള്ളത്. ഇതിനുപുറമേ, ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടർമാരുടെ സേവനം ഉറപ്പാക്കും. കൂടാതെ സുരക്ഷയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉൾപ്പെടെയുള്ളവ പാക്കേജിൽ അടങ്ങിയിട്ടുണ്ട്.
കൂടുതൽ ബുക്കിങ് കോഴിക്കോട്ട് നിന്ന്
കോഴിക്കോട് ജില്ലയിൽനിന്നാണ് ഇതിനോടകം ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിട്ടുള്ളത്. താമരശ്ശേരി ഡിപ്പോയിൽനിന്നാണ് ജില്ലയിൽ നിന്നുള്ള ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനോടകം അവിടെ നിന്നുമാത്രം 18-ബുക്കിങ് ലഭിച്ചു.
താമരശ്ശേരി -തുഷാരഗിരി, താമരശ്ശേരി-നെല്ലിയാമ്പതി, താമരശ്ശേരി -മൂന്നാർ എന്നീ ട്രിപ്പുകളാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.
തൊട്ടുപിന്നിൽ ഏറ്റവുമധികം ബുക്കിങ് ലഭിച്ചത് മലപ്പുറത്തുനിന്നാണ്. 12 ബുക്കിങ് മലപ്പുറത്തുനിന്ന് ലഭിച്ചു. മലപ്പുറം- മൂന്നാർ, മലപ്പുറം-മലക്കപ്പാറ, മലപ്പുറം – വയനാട്, മലപ്പുറം – കക്കയംഡാം എന്നീ ട്രിപ്പുകളാണ് ഇവിടെനിന്നുള്ളത്. ഇവ കൂടാതെ പെരിന്തൽമണ്ണ -മൂന്നാർ, നിലമ്പൂർ – മൂന്നാർ, ഹരിപ്പാട് -റോസ്‌മല -പാലരുവി, മാവേലിക്കര-മൺറോ ഐലൻഡ്, തിരുവല്ല-മലക്കപ്പാറ, കണ്ണൂർ – വയനാട് ട്രിപ്പുകൾക്കും ബുക്കിങ് കൂടിവരുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ വി. പ്രശാന്ത് പറഞ്ഞു. ഇതാദ്യമായാണ് ഒരുസംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വനിതാദിനത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്.