പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും. തമിഴ്നാട്ടിലെ ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നല്‍കിയെന്നു കണ്ടെത്തിയതോടെ ആശുപത്രി അധികൃതർക്ക് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചു. അമ്മയും കാമുകനും നിര്‍ബന്ധിച്ച് 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്‍പന നടത്തുകയായിരുന്നു. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വില്‍പന. പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകന്‍ സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയെ ആര്‍ത്തവം തുടങ്ങിയ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്‍പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി.