Spread the love

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിദേശ പണപ്പിരിവിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി ആവിഷ്കരിച്ച ‘പുനർജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം.

2020 ൽ പരിഗണിച്ചെങ്കിലും അന്വേഷണം നടത്താതിരുന്ന പരാതിയാണ് ഇപ്പോൾ വിജിലൻസ് പൊടിതട്ടിയെടുക്കുന്നത്. ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഈ ആരോപണം നിയമസഭയിൽ ഭരണപക്ഷം ഉയർത്തിയപ്പോൾ, വേണമെങ്കിൽ വിജിലൻസ് അന്വേഷിച്ചോളൂ എന്നു സതീശൻ വെല്ലുവിളിച്ചിരുന്നു.

സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരിൽ യുഎസിൽ നടന്ന പണപ്പിരിവ് വിവാദമായതിനു പിന്നാലെയാണ്, അവിടേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് അനുമതി നൽകിയത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള പരാതിയാണ് അന്വേഷിക്കുക.

സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടു തകർന്ന 280 പേർക്ക് ഇതിനകം ‘പുനർജനി’ പദ്ധതിയിൽ വീടു നിർമിച്ചു നൽകി. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്പോൺസർഷിപ് മുഖേന നിർമിച്ചവയാണ്. ദുബായിലും യുകെയിലും നടത്തിയ സന്ദർശനത്തിൽ പദ്ധതിക്കായി സതീശൻ സഹായം അഭ്യർഥിച്ചിരുന്നു.

വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനികുളങ്ങരയാണു വിജിലൻസ് ഡയറക്ടർക്കുൾപ്പെടെ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും അന്വേഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ആദ്യഘട്ടത്തിൽ ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. നിയമസഭാ സ്പീക്കറും അന്വേഷണാനുമതി നൽകിയില്ല.

Leave a Reply