Spread the love

തൊടുപുഴ∙ കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി 2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കള്ളക്കേസ് എടുത്തത്. 10 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്.
തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തിൽ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥർ കണ്ടെത്തി.

ഇതിന്റെ തുടർച്ചയായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അടക്കം 7 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്‌പെൻഡു ചെയ്തിരുന്നു.കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും കേസ് പിൻവലിക്കാതിരുന്നതിനെ തുടർന്ന് സരുൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വനം വകുപ്പ് അധികൃതർ നടപടികൾ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കുമെന്ന് വനം മന്ത്രി സരുണിന് ഉറപ്പു നൽകുകയും ചെയ്തു.

എന്നാൽ യുവാവിനെ കേസിൽ നിന്നൊഴിവാക്കുന്ന നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് അതിന്റെ പേരിൽ നടപടി നേരിട്ട 7 വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം വകുപ്പ് തിരിച്ചെടുത്തു.കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാൻ പലതവണ സരുൺ പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.

ഒടുവിൽ മനുഷ്യാവകാശ-ഗോത്ര വർഗ കമ്മിഷനുകൾ ഇടപെട്ടതോടെയാണ് 2022 ഡിസംബർ 5ന് 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയാറായത്. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്ക് എതിരെ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.

Leave a Reply