Spread the love

കടലാമ സംരക്ഷകർക്ക് വനംവകുപ്പിന്റെ ആദരം

15000 കടലാമ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു

വംശനാശഭീഷണി നേരിടുന്ന നിരവധി കടൽമത്സ്യങ്ങൾക്കൊപ്പം പ്രാധാന്യമർഹിക്കുന്ന കടലാമകൾ കൂടുതൽ കണ്ടുവരുന്നത് തൃശൂരിലെ തീരദേശ മേഖലയായ ചാവക്കാട്. സീസണലായി കരയിൽ വന്ന് മുട്ടയിടുന്ന ഇത്തരം കടലാമകളുടെ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കി വിടുന്നതിന് ഒരുപറ്റം സന്നദ്ധപ്രവർത്തകർ ചാവക്കാടുണ്ട്. കഴിഞ്ഞ സീസണിൽ 26,000 എണ്ണം കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിച്ചു വന്ന 18 പേരടങ്ങുന്ന സംഘത്തെയാണ് വനംവകുപ്പ് ആദരിച്ചത്.

കേരള കടൽ തീരത്ത് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടുന്ന തീരമാണ് ചാവക്കാട് കടൽ തീരം. കഴിഞ്ഞവർഷം ബ്ലാങ്ങാട് മുതൽ അണ്ടത്തോട് വരെയുള്ള ചാവക്കാട് കടൽതീരത്ത് കടലാമകളുടെ റെക്കോർഡ് മുട്ടകളാണ് ലഭിച്ചത്. ഓരോ ബീച്ചിലും രാത്രികാലങ്ങളിൽ മാത്രം മുട്ടയിടാൻ കരയിൽ വരുന്ന കടലാമകളുടെ സഞ്ചാരപഥം മനസ്സിലാക്കുകയും മുട്ടകൾക്ക് കാവൽ നിൽക്കുകയും ചെയ്തത് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. ചാവക്കാട് തീരത്തുനിന്ന് മാത്രം 15000 കടലാമ കുഞ്ഞുങ്ങളെ കടലിൽ ഇറക്കാൻ ഈ സംഘത്തിന് കഴിഞ്ഞു.

എല്ലാ വർഷവും ഓരോ സീസണിലും ഇവർക്ക് വനംവകുപ്പ് ഹോണറേറിയം നൽകിവരുന്നുണ്ട്. കൂടാതെ രാത്രികാല പെട്രോളിങ്ങിന് ആവശ്യമായ ടോർച്ച്, കോട്ട എന്നിവ ഇവർക്ക് വിതരണം ചെയ്തിരുന്നു. വനംവകുപ്പ് തയ്യാറാക്കുന്ന താൽക്കാലിക ഹാച്ചറികൾക്ക് പകരം ചാവക്കാട് മേഖലയിൽ കടലാമ മുട്ടകൾ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു സ്ഥിരം ഹാച്ചറി വനംവകുപ്പ് സജ്ജമാക്കുന്നുണ്ട്. രാത്രിയിൽ കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങൾ ത്യാഗോജ്വലമാണെന്ന് മധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ ആർ അനൂപ് ഐഎഫ്എസ് പറഞ്ഞു.

ചാവക്കാട് ബീച്ച് പാർക്കിൽ തൃശൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച ചടങ്ങ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ കടലാമമുട്ടകളുടെ ശേഖരണവും സംരക്ഷണവും സംബന്ധിച്ച റിപ്പോർട്ട് പീച്ചി വന്യജീവി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു അവതരിപ്പിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി ഓ നിബു കിരൺ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്കറിയ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി അനിൽകുമാർ, പഞ്ചായത്ത് അംഗം അസീസ് മംഗലാംകുന്ന് എന്നിവർ പങ്കെടുത്തു.

Leave a Reply