എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം പൂർത്തിയാക്കുക. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് തീരുമാനം. സി സി എഫ് മാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായി എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിയ്ക്കുന്നത്.
8 സംഘങ്ങളിലും നിയോഗിക്കപ്പെട്ടിരിയ്ക്കുന്ന ജോലികൾ ഡോ അരുൺ സഘറിയ വിശദീകരിച്ചു. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റെ തലവന്മാരും നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടിയാൽ കൊണ്ടുപോകുന്നതിന് വേണ്ടി ബലപ്പെടുത്തിയ വാഹനവും തയ്യാറാക്കി.
29ന് കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. അരികൊമ്പൻ നിലവിൽ ദൗത്യ മേഖലയ്ക്ക് സമീപത്താണ് ഉള്ളത്. തിരികെ എസ്റ്റേറ്റ് മേഖലയിലേക്ക് പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ വനം വകുപ്പ് സമർപ്പിച്ചിട്ടുണ്ട്