
ഇനി വീട്ടിലും ചന്ദനം നട്ടു വളർത്തി വിൽക്കാം. ഇതിന്റെ ഭാഗമായി തടി മുറിച്ചുമാറ്റുന്നതിന് ഫീസ് (സീനിയറേജ്) നിശ്ചയിച്ചു. ഒന്നാംതരത്തിൽപ്പെട്ട ‘വിലായത് ബുദ്ധ’ വിഭാഗം മുതൽ ചന്ദനച്ചീളുവരെ നീളുന്ന 15 വിഭാഗങ്ങളായി തിരിച്ചാണ് ചന്ദനം മുറിക്കുന്നതിന് സീനിയറേജ് കണക്കാക്കിയിട്ടുള്ളത്. ഒന്നാംതരം, രണ്ടാംതരം നിലവാരത്തിലുള്ളവയ്ക്ക് കിലോഗ്രാമിന് 14,700 രൂപയാണ് ഫീസ്. മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതൽ 40,000 രൂപവരെ പൊതുവിപണിയിൽ വിലയുണ്ട്. തൈലമായി വിദേശ വിപണിയിലെത്തുമ്പോൾ ലിറ്ററിന് 2.28 ലക്ഷം രൂപ വിലവരും. കൃഷി ചെയ്യുന്നതിനോ തൈകൾ നടുന്നതിനോ ലൈസൻസ് വേണ്ട. അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. തൈകൾ ഇടുക്കിയിലെ മറയൂരിൽനിന്നടക്കം വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്സിഡി ആനുകൂല്യങ്ങളുമുണ്ട്. തടി പാകമായിക്കഴിഞ്ഞാൽ വനംവകുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ മുറിക്കണം.