∙മോഷ്ടാക്കളെ ഭയന്നു സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട വീട്ടമ്മ പിന്നീടു സ്ഥലം മറന്നുപോയി, മോഷണം പോയെന്ന പരാതിയെത്തുടർന്നു പൊലീസെത്തി പുരയിടം ഉഴുതു സ്വർണവും പണവും കണ്ടെടുത്തു.
കൊല്ലം ഓച്ചിറ പൊലീസിനാണു വീട്ടമ്മയുടെ മറവി ‘പണിയായത്’. ചങ്ങൻകുളങ്ങര സ്വദേശിനിയാണ് ഭർത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോൾ 20 പവൻ സ്വർണവും 15,000 രൂപയും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തിൽ കുഴിച്ചിട്ടത്.
തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒടുവിൽ പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ സ്വർണം മോഷണം പോയതായി പരാതി നൽകി. ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയമുയർന്നത്.
തുടർന്നാണു സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.