മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളെയും തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ദക്ഷിണ കൊൽക്കത്തയിലെ എക്ബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കൊൽക്കത്തയിൽ ‘ഭോംബോൾ ദാ’ എന്നറിയപ്പെടുന്ന ഭൗമിക് 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് കൊൽക്കത്തയിലെ മൈതാനങ്ങളിൽ ഭൗമിക് ‘ബുൾഡോസർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളും മികച്ച പരിശീലകനുമായിരുന്നു. ക്ലബ്ബ് കരിയറിൽ ആകെ 26 ട്രോഫികൾ നേടിയ താരമാണ് സുഭാഷ് ഭൗമിക്. ആറ് വർഷത്തിനിടെ മോഹൻ ബഗാന് വേണ്ടി നാല് ഹാട്രിക്കുകൾ ഉൾപ്പെടെ ആകെ 82 ഗോളുകളാണ് സുഭാഷ് നേടിയത്.
ഒരു പരിശീലകനെന്ന നിലയിലും മുൻ അറ്റാക്കിംഗ് മിഡ്ഫീൽഡറെന്ന നിലയിലും, ആധുനിക ‘ഫാൾസ് ഒൻപത്’ ശൈലിയിൽ കളിക്കുന്നതിൽ അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ക്ലാസിക്കൽ ആക്രമണ ശൈലി പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തിനായി കളിച്ച നിരവധി കളിക്കാരെ പരിശീലിപ്പിക്കുകയും ചെയ്തു.