
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും’ ശ്രീലേഖ ഐപിഎസ് പറയുന്നു. അത്യവശ്യമായി മുന്നൂറു രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെ അതില്‍ എഴുതിയിരിക്കുന്നു. എന്നാൽ അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുൻപ് 2012 ലോ 2013 ലോ ആണ് ഏൽപ്പിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയിൽ പറയുന്നു.
പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ ആരോപിച്ചു. എന്തുകൊണ്ട് ഇത് പോലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ താന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് ഒത്തു തീര്‍പ്പാക്കിയെന്നാണ് അവര്‍ പറഞ്ഞതെന്ന് ശ്രീലേഖ പറയുന്നു.
ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് മുന്‍ ഡിജിപി പ്രതികരിച്ചിരിക്കുന്നത്. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.