മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മലബാറിൽ കോൺഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടൻ. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസിലെ ‘എ’ ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കരുത്തുറ്റ മുഖമായിരുന്നു.
1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതൽ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.