Spread the love
മീൻ വളർത്തലിൽ വിജയഗാഥ സൃഷ്ടിച്ച വെഞ്ഞാറമൂട് കാരനെ പരിചയപ്പെടുത്തി മുൻ മന്ത്രി തോമസ് ഐസക്

ഫെയ്സ്ബുക്കിലൂടെയാണ് ,മീൻ വളർത്തലിൽ വിജയഗാഥ സൃഷ്ടിച്ച വെഞ്ഞാറമൂട് സ്വദേശിയെ മുൻ മന്ത്രി തോമസ് ഐസക് പരിചയപ്പെടുത്തിയിരിക്കുന്നത് .അദ്ദേഹത്തിൻറെ എഫ് ബി പോസ്റ്റ്

വെഞ്ഞാറമൂടത്തെ ഷെയ്ക് മുഹമ്മദ് എന്ന ഷായാണ് എന്നോടൊപ്പം. കക്ഷി ഇപ്പോൾ ഒരു മീൻകുള നിർമ്മാണ വിദഗ്ദനാണ്. കുളം നിർമ്മാണം മാത്രമല്ല, അക്വാപോണിക്സ് അടക്കമുള്ള വിവിധങ്ങളായ മീൻ വളർത്തൽ രീതികളും സ്വായത്തം. ഒറ്റയ്ക്കല്ല. നാട്ടിൽ നിന്നുള്ള ആരോഗ്യദൃഡഗാത്രരായ ഒരു സംഘവും കൂടെയുണ്ട്. അവരെല്ലാവരുംകൂടി കരകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ കാസ്കോ വില്ലേജിൽ ആറ് മീൻകുളങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ടെണ്ടറിൽ പങ്കെടുത്തു വിജയിച്ചാണ് കുളം വെട്ട്. ഷായെ പണിസ്ഥലത്തു നിന്നും വിളിച്ചു കയറ്റേണ്ടി വന്നു. മറ്റുള്ളവർ പണി തുടർന്നു.

വെഞ്ഞാറമൂടുകാർ എന്നു മുതൽ മീൻ വളർത്തൽ വിദഗ്ദരായി എന്നായിരുന്നു എന്റെ ചോദ്യം. മീൻ വളർത്തലുമായുള്ള പ്രണയം ആരംഭിച്ചത് ആലപ്പുഴയിൽ നിന്നാണ്. ഭാര്യവീട് അവിടെയാണ്. സ്വന്തമായി കൗതുകത്തിനു വീട്ടിൽ മീൻ വളർത്തി. നല്ല ലാഭമെന്നുകണ്ട് മീൻ കൃഷി തുടങ്ങി. പിന്നെ ആവശ്യക്കാർക്കു കുളങ്ങൾ നിർമ്മിച്ചു നൽകാൻ തുടങ്ങി.

ഈ വിദ്യയെല്ലാം എവിടെനിന്നു പഠിച്ചു? കണ്ടു പഠിച്ചുവെന്നായിരുന്നു ഉത്തരം. നല്ല മീൻ കൃഷി സ്ഥലങ്ങൾ കാണാൻ പോകും. അങ്ങനെ പഠിച്ചെടുത്തതാണ്. മീൻ കറിയും നന്നായി വയ്ക്കും. സഖാവിന്റെ വീട് എവിടെയാണ്? മീൻ പൊള്ളിച്ചത് അവിടെ എത്തിക്കാമെന്നായി.

ആളിന്റെ വേഷവുംമട്ടും കണ്ട് തെറ്റിദ്ധരിക്കണ്ട. ദേശീയപാതയിൽ വെഞ്ഞാറമൂട് ഇന്ത്യൻ കോഫിഹൗസിന്റെ അടുത്ത ഒരുനിര കട ഷായുടേതാണ്. രണ്ട്-രണ്ടരയേക്കർ ഭൂമിയുണ്ട്. എന്നാൽ മീൻകൃഷി തലയ്ക്കു പിടിച്ചിരിക്കുകയാണ്. ഷായും സംഘവും ഇതിനകം കോവിഡ് തുടങ്ങിയതിനുശേഷം 60 മീൻ കുളങ്ങളെങ്കിലും നിർമ്മിച്ചു നൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് പച്ചക്കറി കൃഷിയും വീട്ടിനു മുന്നിലെ ഉദ്യാനങ്ങളും വ്യാപകമായതിനെക്കുറിച്ച് നമുക്ക് അറിയാം. ഷാ പറയുന്നതു ശരിയാണെങ്കിൽ മീൻ വളർത്തലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply