ദോഹ : കുഞ്ഞൻ കാറുകളുടെ മത്സരമായ ഫോർമുല വൺ ഡിസൈനുകൾ പതിപ്പിച്ച് ആകാശയാത്രയ്ക്ക് ഒരുങ്ങി ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 വിമാനം.
കാറോട്ട പ്രേമികൾക്ക് ആവേശം പകർന്നാണ് ഫോർമുല വൺ ലോഗോയും റേസിങ് ട്രാക്കിന്റെ വേഗവും പതിപ്പിച്ച വിമാനം പുറത്തിറക്കിയത്.
വിമാനത്തിൽ ഫോർമുല വൺ ലോഗോ പതിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്‌സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പ് ലോഗോയും നിറങ്ങളും ചിഹ്നങ്ങളും പതിപ്പിച്ചുള്ള ഖത്തർ എയർവേയ്‌സ് വിമാനം ലോകശ്രദ്ധ നേടിയിരുന്നു.ഫോർമുല വണ്ണിന്റെ ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളിയാണ് ഖത്തർ എയർവേയ്‌സ്.
ആരാധകർക്കായി ആകർഷക യാത്രാ പാക്കേജ്
ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി. ഫോർമുല വൺ ആരാധകർക്കായി അൾട്ടിമേറ്റ് ഫാൻ എക്‌സ്പീരിയൻസ് യാത്രാ പാക്കേജും ഖത്തർ എയർവേയ്‌സ് വിൽക്കുന്നുണ്ട്. ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ മുഖേനയാണ് വിൽപന.
പ്രീമിയം യാത്രാ പാക്കേജിൽ ഒക്‌ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിലേയ്ക്കുള്ള കോംപ്ലിമെന്ററി പ്രവേശനവും ലഭിക്കും. കാറോട്ട പ്രേമികൾക്ക് 3 ദിവസത്തെ ആവേശകരവും വിസ്മയിപ്പിക്കുന്ന മത്സരങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാനും പഡോക്ക് ക്ലബ് പ്രവേശനവുമെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്.
ഏറ്റവും അടുത്തിരുന്ന് മത്സരങ്ങൾ കാണാമെന്ന് മാത്രമല്ല എഫ് വൺ ഡ്രൈവർമാരും ഇതിഹാസ താരങ്ങളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് ലഞ്ചിനുള്ള അവസരവും ലഭിക്കും.