തിരുവനന്തപുരം: സ്കൂളുകളിലും അംഗൻവാടികളിലും ഇനി മുതൽ കുട്ടികൾക്ക് ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായാണ് പോഷകഗുണങ്ങൾ വർധിപ്പിച്ച അരി വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഫോർട്ടിഫൈഡ് അരി വിതരണം എഫ്.സി.ഐ ആരംഭിച്ചു.
ഇത് കൂടാതെ ജനുവരി മുതൽ വയനാട് ജില്ലയിലെ കാർഡുടമകൾക്കും ഫോർട്ടിഫൈഡ് അരിയാകും റേഷൻ കടകൾ വഴി ലഭിക്കുകയെന്നും എഫ്.സി.ഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികൾ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നൽകാനാണ് കേന്ദ്ര തീരുമാനം. ദേശീയ ആരോഗ്യ സർവേയിൽ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവ ചേർത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കിയത്.