നാല് പതിറ്റാണ്ടുകൾക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം
ഒളിംപിക്‌സ് ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ലൂസേഴ്‌സ് ഫൈനലില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചരിത്ര വിജയം. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
3–1ന് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കുന്നത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്. ഹാർദിക് സിങ് , ഹർമൻപ്രീത് സിങ്, രൂപീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിക്കായി ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ , ബെൻഡിക്ട് ഫുർക് , ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്‌കോര്‍ ചെയ്തു.
തിമൂര്‍ ഒറൂസ് നേടിയ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. എന്നാല്‍ ഗോള്‍ മടക്കി ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തിയതാണ് മത്സരത്തില്‍ വിജയം കുറിച്ചത്. നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലെ സ്വര്‍ണമാണ് ഹോക്കിയില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ അവസാനത്തെ മെഡല്‍ നേട്ടം.