പാലക്കാട്: നാല് വയസുകാരനായ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ മർദ്ദിക്കുകയും കാലിൽ സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ രഞ്ജിതയും അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്.
അഗളി ഒസത്തിയൂർ ഊരിൽ രണ്ട് മക്കളുടെ അമ്മയായ രഞ്ജിത കുറച്ചു കാലങ്ങളായി സുഹൃത്തായ ഉണ്ണികൃഷ്ണനൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ മകനാണ് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അഗളി പൊലീസ് കേസ് എടുത്തത്.
ആവര്‍ത്തിച്ച് വിലക്കിയിട്ടും കുട്ടി റോഡില്‍ കളിക്കാനിറങ്ങിയതാണ് കാരണമെന്ന് അമ്മ മൊഴി നല്‍കി. അങ്കണവാടിയിൽ പോകുന്നതിനു പകരം കളിക്കുന്നതിനാണ് കുട്ടിക്ക് താൽപര്യമെന്നതും അതിക്രമം കാട്ടാൻ പ്രേരിപ്പിച്ചു. കുട്ടിയെ മനപ്പൂർവം പൊള്ളിക്കുകയായിരുന്നുവെന്നാണ് മറ്റു ബന്ധുക്കൾ നൽകിയ മൊഴി. അമ്മയുടെ സുഹൃത്ത് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ഈ മൊഴിയും വിശദമായി പരിശോധിക്കുന്നുണ്ട്.
കുട്ടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാൽപ്പാദത്തിന്റെ അടിഭാഗത്തു പൂർണമായി പൊള്ളിയിട്ടുണ്ട്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.