എ.ടി.എം. കാർഡ് നമ്പർ, പിൻ നമ്പർ എന്നിവ ചോദിച്ചുള്ള തട്ടിപ്പുകൾക്ക് പിറകെ വാട്സ്ആപ്പ് ഒ.ടി.പി. കരസ്ഥമാക്കിയുള്ള സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നു. ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഉപഭോക്താവിന്റെ ഫോണിൽ എസ്.എം.എസ്. വഴിയോ ഫോൺവിളി വഴിയോ ലഭിക്കുന്ന ആറക്ക ഒ.ടി.പി. നമ്പർ ആവശ്യമാണ്. ഈ ഒ.ടി.പി. നമ്പർ സൈബർ തട്ടിപ്പുകാർ ഉപഭോക്താവിനെ കബളിപ്പിച്ച് മനസ്സിലാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതാണ് പുതിയരീതി. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പിനെതിരേ പോലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
വാട്സ്ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇ-മെയിൽ വഴി വാട്സ്ആപ്പ് കസ്റ്റമർ കെയറിൽ അറിയിക്കണം. ഇത്തരം തട്ടിപ്പിനിരയായാൽ ഉടനെ cybercrime.gov.in എന്ന വെബ് പോർട്ടലിൽ ബന്ധപ്പെടണമെന്നും പോലീസ് നിർദേശിക്കുന്നു.
ഉപഭോക്താവിന് അപരിചിതമായ നമ്പറിൽനിന്ന് വാട്സ്ആപ്പ് സപ്പോർട്ട് സർവേ എന്നപേരിൽ ഒരു കോൾ ലഭിക്കും. ഉപഭോക്താവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തട്ടിപ്പുകാർ വാട്സ്‌ആപ്പ് രജിസ്ട്രേഷൻ നടത്തുന്നതിനായി ശ്രമിക്കും. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുകയും, ചില കാരണങ്ങളാൽ ഉപഭോക്താവിനോട് തങ്ങളുടെ കോൾ ലയിപ്പിക്കുവാൻ (മെർജ് കോൾ) തട്ടിപ്പുകാർ ആവശ്യപ്പെടും. ഇങ്ങനെ ലയിപ്പിക്കുന്ന കോളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിർമിക്കും. ഇതിലൂടെ നിരവധി സൈബർ കുറ്റകൃത്യങ്ങൾ തട്ടിപ്പുകാർ ചെയ്യുന്നു.
എസ്.എം.എസിലൂടെ വാട്സാപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ ഉപഭോക്താവിനെ തട്ടിപ്പുകാർ വിളിക്കുകയും എസ്.എം.എസിലൂടെ ലഭിച്ച ഒ.ടി.പി. നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതുപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് വാട്സാപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും കൈവശപ്പെടുത്തി സാമ്പത്തികതട്ടിപ്പുകൾ നടത്തുകയാണ് പതിവ്. ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങളും മറ്റുമുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും സ്റ്റാറ്റസ്, മെസേജ് എന്നിവ ഇവർ പോസ്റ്റുചെയ്ത് ഉപഭോക്താവിനെ വ്യക്തിഹത്യ നടത്തുകയും ചെയ്യും.
⭕️തട്ടിപ്പിന് ഇരയാകാതിരിക്കാൻ:
ടു-ഫാക്‌ടർ ഒതന്റിഫിക്കേഷൻ ഓൺ ചെയ്ത് വയ്ക്കുക, പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാൻ കഴിയുമെന്ന് ഉറപ്പുവരുത്തുക, സാമ്പത്തികസഹായമോ അല്ലെങ്കിൽ മറ്റ് സഹായമോ ആരെങ്കിലും മെസേജ് അയച്ച് ആവശ്യപ്പെടുകയാണെങ്കിൽ അത് ഉറപ്പുവരുത്തിയതിനുശേഷം മാത്രം തിരിച്ച് മറുപടി നൽകുക. തട്ടിപ്പിനിരയായെന്ന് തോന്നിയാലുടൻ സൈബർ പോലീസിന്റെ സഹായം തേടുക.
⭕️കോവിഡ് കുത്തിവെപ്പിന്റെ പേരിലും തട്ടിപ്പ്:
കോവിഡ് മുൻകരുതൽ കുത്തിവെപ്പിനായി പേര് രജിസ്റ്റർ ചെയ്യാനാണെന്ന വ്യാജേന ഫോൺ ചെയ്‌ത് വാട്സ്ആപ്പ് ഒ.ടി.പി. നേടിയും തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഡൽഹിയിലാണ് ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഒ.ടി.പി. വിവരങ്ങൾ ആർക്കും നൽകരുതെന്ന് പോലീസ് മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.
⭕️സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെയും തട്ടിപ്പ്:
പാലക്കാട് ഇൻസ്ട്രുമെന്റേഷനിലെ ഐ.ടി. വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ. രാധാകൃഷ്ണന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ പേരിൽ ഒരു കത്ത് വന്നത്. സ്പീഡ്‌പോസ്റ്റ് വഴിയായിരുന്നു കത്ത്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള കമ്പനിയുടെപേരിൽ വന്ന കത്ത് തുറന്നപ്പേഴാണ് അറിയുന്നത് സംഗതി ഒരു ‘സ്ക്രാച്ച് ആൻഡ് വിൻ’ പരിപാടിയാണെന്ന്. പേപ്പറിൽ കാണിച്ചിട്ടുള്ള സിൽവർ നിറത്തിലുള്ള ഭാഗം ചുരണ്ടിനോക്കണം. നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്. ഇത് പ്രകാരം സിൽവർ ഭാഗം ചുരണ്ടിനോക്കിയപ്പോൾ ശരിക്കും ഞെട്ടി. -‘അഭിനന്ദനങ്ങൾ… നിങ്ങൾ 11.50 ലക്ഷം രൂപ നേടിയിരിക്കുന്നു’ !
ഇതുവരെയും ഈ ഓൺലൈൻ കമ്പനിയിൽനിന്ന് ഒരുസാധനവും വാങ്ങിയിട്ടില്ലാത്ത രാധാകൃഷ്ണന്, ഒറ്റയടിക്ക് സംഗതി തട്ടിപ്പാണെന്ന് മനസ്സിലായി. പോലീസിൽ പരാതിപ്പെടാനൊന്നും നിന്നില്ലെങ്കിലും പരിചയമുള്ളവരോടെല്ലാം തട്ടിപ്പിന്റെ വിവരം പങ്കുവെച്ചു.
എല്ലാവർക്കും കേട്ടുപരിചയമുള്ള ഓൺലൈൻ കമ്പനിയുടെപേരിൽ വന്ന കത്തിൽ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം, ഞങ്ങളെ വിളിക്കൂ എന്ന് എഴുതിയിട്ടുണ്ട്. രണ്ട് ഫോൺ നമ്പറുകളും കത്തിൽ നൽകിയിട്ടുണ്ട്. വിജയിച്ചതിൽനിന്ന് ഒരു നിശ്ചിതതുക ഞങ്ങൾക്ക് ആദ്യം അയച്ചാൽ, നിങ്ങൾക്ക് 11.50 ലക്ഷം രൂപ സ്വന്തമാക്കാം. 30 ദിവസത്തിനകം തുക കൈപ്പറ്റണം എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. സാമ്പത്തികനഷ്ടമൊന്നും ഉണ്ടാവാത്തതിനാലാണ് നിലവിൽ പോലീസിൽ പരാതിപ്പെടാത്തത്.