Spread the love
റോഡ് പണിയിലെ തട്ടിപ്പ്; കടുത്ത നടപടിയുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, തദ്ദേശഭരണ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസടക്കം കടുത്ത നടപടി വരും. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെ സർക്കാർ ഖജനാവിന് വൻ നഷ്ടമാണുണ്ടാകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ക്രമക്കേട് സ്ഥിരീകരിച്ച ഇടങ്ങളിലെ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം.

റോഡുകളിലെ കുഴി യാത്രക്കാര്‍ക്ക് തലവേദനയാവുകയും രാഷ്ട്രീയക്കാര്‍ തമ്മിലുള്ള വാഗ്വാദത്തിന് വഴിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈകോടതി നിർദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ ‘ഓപറേഷന്‍ സരള്‍ രാസ്ത’ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ആറ് മാസത്തിനിടെ നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടത്തിയശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിലായിരുന്നു പരിശോധന. മതിയായ ഗുണനിലവാരമില്ലാതെയാണ് പല റോഡുകളും നിർമിച്ചതെന്നും സാമ്പിളുകളുടെ പരിശോധനക്കുശേഷം തട്ടിപ്പിൽ വ്യക്തത വരുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിമൂലം ശരിയായ രീതിയില്‍ ടാറിങ് നടക്കാത്തതാണ് റോഡ് നിര്‍മിച്ച ഉടന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്ന് വിജിലൻസ് വിലയിരുത്തി.

സംസ്ഥാനത്തെ പുതിയ റോഡുകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവ നിർവഹിക്കുന്നതിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്-റോഡ് വിഭാഗം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ എന്നിവർ കരാറുകാരുമായി അവിശുദ്ധബന്ധം പുലർത്തിവരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു. അവരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് റോഡുകൾ നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം പൊട്ടിപ്പൊളിയുന്നതെന്നാണ് വിലയിരുത്തൽ. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിൻബലത്തില്‍ ചില കരാറുകാര്‍ ടെൻഡറിൽ പറഞ്ഞ അളവിലും കനത്തിലും റോഡ് പണികൾ ചെയ്യാറില്ല. ചിലർ നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply