
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ് മണ്ണാര്‍ക്കാടും. രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണിച്ച് ആര്യമ്പാവ് സ്വദേശി മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി.
ആര്യമ്പാവില്‍ മൊബൈല്‍ കട നടത്തുന്നയാളാണ് പരാതിക്കാരന്‍. മൊബൈല്‍ ഷോപ്പിലെത്തി റീച്ചാര്‍ജ്ജ് ചെയ്യാനാത്തെിയ ആള്‍ റീച്ചാര്‍ജ്ജ് ചെയ്ത ശേഷം ഇന്ത്യന്‍ രൂപയ്ക്ക് പകരം ദിനാര്‍ നല്‍കുക യായിരുന്നു. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്ന് തിരക്കിയപ്പോള്‍ ദിനാര്‍ മാറ്റി തന്നാല്‍ ലാഭം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. 1,90,000 രൂപ നല്‍കിയാല്‍ നാല് ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി നൽകാം എന്നാണത്രേ അറിയിച്ചത്. ഇത് വിശ്വസിച്ച് ഭാര്യയുടെ സ്വര്‍ണമടക്കം പണയപ്പെടുത്തി പരാതിക്കാരന്‍ പണം തരപ്പെടുത്തി നല്‍കുകയും ചെയ്തു. പകരം ലഭിച്ച ബാഗില്‍ ന്യൂസ് പേപ്പുറുകള്‍ ചുരുട്ടി വെച്ചതാണ് കണ്ടതത്രേ.
പഴേരി കോംപ്ലക്‌സില്‍ നിന്നും കോടതിപ്പടിയിലേക്ക് പോകുന്ന ഇട വഴിയില്‍ വെച്ചാണ് ഇടപാട് നടന്നത്.തട്ടിപ്പു നടത്തിയവരെ കുറിച്ച് പരാതിക്കാരനും കൃത്യമായ ധാരണയില്ല. ആര്യമ്പാവ് സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്നും താമസിയാതെ പ്രതികളെ പിടികൂടുമെന്ന് മണ്ണാര്‍ക്കട് എസ്‌ഐ കെആര്‍ ജസ്റ്റിന്‍ അറിയിച്ചു. രണ്ട് പേരുണ്ടെന്നാണ് സൂചന. തട്ടിപ്പു നടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കുറേ കാര്യങ്ങള്‍ നടന്നിരിക്കുന്നതെന്നും ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു.
ഇക്കഴിഞ്ഞ 22നു പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും രണ്ടംഗ സംഘം മണ്ണാര്‍ക്കാട് സ്വദേശിയുടെ 11 ലക്ഷം തട്ടിയെടു ത്തിരുന്നു. യുഎഇ ദിര്‍ഹം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. കരിങ്കല്ലത്താണിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നയാളാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. കഴിഞ്ഞ മാസം കാസര്‍കോട് സമാന തട്ടിപ്പു നടത്തിയ ജാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തി രുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിലും തട്ടിപ്പു നടത്തിയ ഇതര സംസ്ഥാനക്കാര്‍ അറസ്റ്റിലായിരുന്നു. മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ജില്ലയില്‍ ഇത്തരത്തില്‍ ഒട്ടേറെ തട്ടിപ്പ് നടന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.