
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍ മോഡലിൽ പരാതികള്‍ സ്വീകരിക്കുകയും സിറ്റിംഗ് നടത്തുകയും ചെയ്ത സ്വകാര്യ ട്രസ്റ്റിന്‍റെ ഓഫീസ് പൂട്ടിച്ചു. അരയിടത്തുപാലത്ത് പ്രവർത്തിച്ചു വരുകയായിരുന്ന ഓഫീസ് ആണ് പൂട്ടിച്ചത്. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തു. അരയിടത്തുപാലത്ത് പ്രവർത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയർ എന്ന സ്ഥാപനമാണ് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുകയും ഇരുകക്ഷികളെയും വിളിച്ചുവരുത്തി സ്ഥാപനത്തിനുള്ളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തത്. ആയിരം രൂപ മുതല്‍ മൂവായിരം രൂപവരെ ഓരോ കേസിനും കൈപറ്റിയിരുന്നു. നിയമപരമായ അധികാരങ്ങളുണ്ടെന്ന് തെറ്റിദ്ദരിപ്പിച്ചായിരുന്നു പരാതികള്‍ സ്വീകരിച്ചത്. സ്ഥാപനത്തിന്‍റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ നഹാസ് മറ്റു കമ്മിറ്റി അംഗങ്ങൾക്കെതിരെ കേസ് എടുത്തു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി നഹാസ് പറയുന്നത്. കൂട്ടായ്മയില്‍ ഭാഗമാകാന്‍ താല്‍പര്യമുളളവരില്‍ നിന്ന് അംഗത്വ ഫീസ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.