തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും.
എഎവൈ (മഞ്ഞ) റേഷൻ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂര്‍ ഹൗസിങ് ബോര്‍ഡ് ജംഗ്ഷനിലെ റേഷൻ കടയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും.
5,87,691 എ എ വൈ കാര്‍ഡുകാര്‍ക്കും 20,000 പേര്‍ ഉള്‍പ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഇത്തവണ ഓണക്കിറ്റുകള്‍ നല്‍കുന്നത്. കിറ്റുകള്‍ നാളെ മുതല്‍ ഞായര്‍ വരെ റേഷൻ കടകളില്‍നിന്ന് കൈപ്പറ്റാം. തുണി സഞ്ചി ഉള്‍പ്പെടെ പതിനാലിനം ഭക്ഷ്യോല്‍പ്പന്നങ്ങളാണുള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.
⭕തിരുവോണം മുതല്‍ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകള്‍ അവധിയായിരിക്കും.