മലപ്പുറത്ത് 300 രൂപയുടെ പെട്രോൾ സൗജന്യമായി ലഭിക്കും; നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ മതി !
നിയമം ലംഘിച്ചാൽ പിഴ ലഭിക്കും. നിയമം പാലിച്ചാലോ ? മലപ്പുറത്ത് ആണെങ്കിൽ 300 രൂപയുടെ പെട്രോളും ലഭിക്കും. മലപ്പുറത്ത് സൗജന്യ പെട്രോൾ വിതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.
നിയമം പാലിച്ച് വാഹന യാത്ര നാടത്തുന്നവർക്കാണ് ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണം നടത്തിയത്. 300 രൂപയുടെ ഇന്ധനമാണ് സമ്മനമായി നൽകിയത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങൾ നിർത്തിയത്. കാര്യമറിഞ്ഞപ്പോൾ ആശങ്ക സന്തോഷത്തിന് വഴിമാറി. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോർ വാഹന വകുപ്പിന്റെ സമ്മാനത്തിൽ യാത്രക്കാരും ഡബിൾ ഹാപ്പി.
ഇന്ധന കൂപ്പൺ ആണ് മോട്ടോർ വാഹന വകുപ്പ് സൗജന്യമായി നൽകുന്നത്. മുന്നൂറ് രൂപയുടെ ഈ കൂപ്പൺ ഉപയോഗിച്ച് ഇന്ത്യൻ ാേയിൽ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാം. അഞ്ഞൂറോളം പേർക്കാണ് ഈ സമ്മാനം ഇന്നലെ ലഭിച്ചത്.
മോട്ടോർ വാഹന വകുപ്പും മലപ്പുറം ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പൺ സമ്മാനമായി നൽകുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്യാമ്പയിൻ തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.