കൊച്ചി: ഇതുവരെ കൊച്ചി മെട്രോയിൽ സഞ്ചരിച്ചിട്ടില്ലാത്ത എറണാകുളത്തെ പൊതുജനങ്ങൾക്ക് ഞായറാഴ്ച സൗജന്യ യാത്രയൊരുക്കി അധികൃതർ. 100 പേരടങ്ങുന്ന ആദ്യസംഘത്തിന് രാവിലെ 11 ന് പുളിഞ്ചുവട് സ്റ്റേഷൻ മുതൽ കുസാറ്റ് വരെയും തിരിച്ചും യാത്ര ചെയ്യാം . 12.30 ന് 125 പേരടങ്ങുന്ന രണ്ടാം സംഘത്തിന് വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ എം.ജി റോഡ് വരെയും തിരിച്ചുമായിരിക്കും യാത്ര ചെയ്യാൻ സൗകര്യമൊരുക്കുക.
വൈകീട്ട് നാലിന് തുടങ്ങുന്ന മൂന്നാമത്തെ സംഘത്തിന്റെ യാത്രയിൽ 150 പേർക്ക് പങ്കെടുക്കാം. ജെഎൽഎൻ സ്റ്റേഡിയം മുതൽ പത്തടിപ്പാലം വരെയായിരിക്കും ഇവർക്ക് യാത്ര ചെയ്യാനാകുക. കൊച്ചി മെട്രോ ഉദ്യോഗസ്ഥർ യാത്രയിൽ പങ്കുചേരുകയും മെട്രോ ട്രെയിനിന്റെയും സ്റ്റേഷന്റെയും ഉള്ളിലെ പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്യും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് കൗണ്ടറിലെത്തി സംഘത്തിലുള്ളവരുടെ എണ്ണം സംബന്ധിച്ച വിവരം കൈമാറണം. ശേഷം കെഎംആർഎൽ ഉദ്യോഗസ്ഥർ ഇവരെ ട്രെയിനിലേക്ക് കൂട്ടിക്കൊണ്ടുപോകും. സംഘത്തിലെ ഏതെങ്കിലും വ്യക്തി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനും കടന്ന് യാത്ര ചെയ്താൽ ടിക്കറ്റിങ് സംവിധാനം അനുസരിച്ചുള്ള നിരക്ക് അവരിൽനിന്ന് ഈടാക്കുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.