സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രകിയ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ സൗജന്യമായി ചെയ്തു ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. 9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ സമീപിച്ചത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നൽകുകയായിരുന്നു. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.