Spread the love

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Free vaccine for all, Modi changes policy; Free ration for 80 crore people

ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി.

വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂ. വാക്സീന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം.

പാവങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ നവംബർ വരെ നീട്ടിയെന്നും മോദി പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി ഉൾപ്പെടെയാണിത്. ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുൻപ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മൾ ഒരുമിച്ചാണു നേരിട്ടത്. കോവിഡിനെ നേരിടാൻ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കി. ഇത്രയേറെ ഓക്സിജൻ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി. ഓക്സിജൻ ട്രെയിൻ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.

കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക് ഉറപ്പായും ധരിക്കുക. വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധർ എത്രയും പെട്ടെന്ന് വാക്സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്.

വരുംനാളുകളിൽ വാക്സീൻ വിതരണം കൂടുതൽ ശക്തമാക്കും. രാജ്യത്ത് നിലവിൽ ഏഴു കമ്പനികൾ പലതരം വാക്സീൻ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സീനുകളുടെ ട്രയൽ അവസാന ഘട്ടത്തിലാണ്. കുട്ടികൾക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. വരുംനാളുകളിൽ വിദഗ്ധരുടെ നിർദേശ പ്രകാരം കുട്ടികള്‍ക്ക് വാക്സീൻ നൽകുന്നതും പരിഗണിക്കും.

അവർക്കായുള്ള രണ്ട് വാക്സീനുകളുടെ ട്രയൽ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നൽകുന്ന സ്പ്രേ വാക്സീൻ പരീക്ഷണ ഘട്ടത്തിലാണ്. വിജയിച്ചാൽ ഇന്ത്യയുടെ വാക്സിനേഷന്‍ നീക്കത്തിൽ നിർണായകമാകും. മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീനുകൾ ഇറക്കുമതി ചെയ്യുന്നതും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കോവിഡിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മരുന്നുകളുടെ നിർമാണം രാജ്യത്തു തുടരുകയാെന്നും മോദി പറഞ്ഞു

Leave a Reply