Spread the love

ചിന്നക്കനാൽ∙ വേനൽ കടുത്തതോടെ ചിന്നക്കനാൽ പഞ്ചായത്തിലെ പല മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷം. രണ്ടാം വാർഡിൽ വെലക്ക് മുതൽ പവർഹൗസ് വരെയുള്ള ഭാഗത്തെ നൂറുകണക്കിനു കുടുംബങ്ങളാണു ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. അറുപതേക്കറിൽനിന്നു ഹോസുകൾ വഴിയാണ് ഇവിടെ ഭൂരിഭാഗം കുടുംബങ്ങളും വെള്ളം കാെണ്ടുവരുന്നത്. എന്നാൽ അറുപതേക്കർ ഭാഗത്തെ സ്വാഭാവിക ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. കയ്യേറ്റക്കാരിൽനിന്നു സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിലെ യൂക്കാലിപ്റ്റസ് മരങ്ങളാണ് ജലസ്രോതസ്സുകൾ വറ്റാൻ കാരണമെന്നാണ് നാട്ടുകാർ അറിയിച്ചത്.

സൂര്യനെല്ലി ടൗൺ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ആളുകൾ മലമുകളിലെ ചെറിയ അരുവികളിൽ സ്ഥാപിച്ചിട്ടുള്ള ഹോസ് വഴിയാണ് സൂര്യനെല്ലിയിലേക്കും വെള്ളമെത്തുന്നത്. എന്നാൽ ടൗണിലെ അഴുക്കുചാലിൽ കൂടിയാണ് ഈ ഹോസുകൾ കടന്നു പോകുന്നത്. ജലദൗർലഭ്യം നേരിടുന്ന സമയത്ത് അഴുക്കുചാലിൽ നിന്നുള്ള വെള്ളം ശുദ്ധജലവുമായി കലർന്നാൽ പകർച്ച വ്യാധികൾ വരെ ഉണ്ടാകാം. എന്നാൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇതാെന്നും കണ്ടില്ലെന്ന് നടിക്കുന്നു.
ചിന്നക്കനാൽ 301 കോളനിയിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ശുദ്ധജല വിതരണ പദ്ധതി യാഥാർഥ്യമായെങ്കിലും നേരിട്ട് ഉപയോഗിക്കാനാവാത്ത വെള്ളമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ആനയിറങ്കൽ ജലാശയത്തിലെ ഇളം മഞ്ഞനിറമുള്ള വെള്ളമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.

Leave a Reply