ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ചിത്രമാണ് ബ്രോമാൻസ്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാൻസ് തിയേറ്ററുകളിൽ വൻ വിജയം നേടിയാണ് മുന്നേറുന്നത്.
ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല അത്ര ഗംഭീര സിനിമ എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ പറയുന്നത്. ഫാമിലി പ്രേക്ഷകരുടെ വൻ കൈയ്യടിയാണ് മറ്റ് സിനിമകളിൽ നിന്നും ബ്രോമൻസിനെ മാറ്റി നിർത്തുന്നതും വിജയം നൽകിയതും. പ്രേമലു എന്ന സിനിമയിലെ അമൽ ഡേവിസിന് ശേഷം വീണ്ടും മറ്റൊരു മികച്ചൊരു കഥാപാത്രത്തിലൂടെ സംഗീത് പ്രതാപ് ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ സംഗീതത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്.