Spread the love
ഇന്ന് മുതൽ മാസ്‌ക് ഇല്ലാത്തവരെ പിടിക്കാൻ വീണ്ടും‍ പൊലീസിറങ്ങുന്നു : പിഴ 500

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ പരിശോധന ശക്തമാക്കാന്‍ പൊലീസ് .ഇന്ന് മുതല്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ പറയുന്നില്ല.ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും *മാസ്‌ക്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമെ അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആറും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗവും വിളിച്ചു.

കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.

Leave a Reply