Spread the love

ചില സിനിമകൾ പ്രേക്ഷകരുടെ ഉള്ളിലേക്ക് ഊർന്നിറങ്ങുന്നത് കഥയിൽ സംവിധായകൻ പിടിപ്പിച്ച ഹൃദയം തൊടുന്ന പാട്ടുകളിലൂടെയാണെന്ന് തോന്നിയിട്ടില്ലേ? ഉള്ളുതൊടുന്ന വരികളും ആത്മാവ് കിള്ളിഎടുക്കുന്ന സംഗീതവും പാകത്തിനു ചേരുമ്പോൾ സിനിമകളിൽ പിന്നെ നല്ല പാട്ട് പിറക്കുകയായി!

‘നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം’ എന്ന ഒറ്റ ആൽബം പാട്ടിലൂടെ മലയാളികൾ കണ്ണുമടച്ച് നെഞ്ചോടു ചേർത്തതാണ് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവനയെ. ‘യുവ’ എന്ന ഈ ആൽബത്തിനും സംഗീതസംവിധായകൻ എന്ന നിലയിലെ ശ്രീജിത്തിന്റെ ആദ്യ ചുവടുവെപ്പിനും അണിയറക്കാർ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത കൊടുത്തായിരുന്നു അന്ന് സംഗീത പ്രേമികൾ വരവേറ്റത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നസ്രിയയും അഭിനയിച്ച ഈ പാട്ട് പ്രത്യേകിച്ചും യുവാക്കൾ അന്ന് വലിയ ആഘോഷമാക്കിയിരുന്നു.

സംഗീതസംവിധാനത്തിൽ തമിഴ്നാട് ആണ് പിച്ചവെച്ചു തുടങ്ങിയതെങ്കിലും ഒരു ‘മധുരനാരങ്ങ’യായി വീണ്ടും മലയാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു ശ്രീജിത്ത്‌. പിന്നീടങ്ങോട്ട് തൊട്ടതെല്ലാം ഹിറ്റാക്കിയ ചരിത്രം മാത്രം.

മധുരനാരങ്ങ എന്ന ചിത്രത്തിലെ പാട്ടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും ‘താരം പതിപ്പിച്ച കൂടാരം’ എന്ന ഒറ്റ പാട്ട് മതി ശ്രീജിത്തിന്റെ സംഗീതത്തിൻറെ ആഴവും ആത്മാവും അറിയാൻ.വിജയ് യേശുദാസ് അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനം ‘കാതൽ എൻ കവിയെ’, ‘മെല്ലെ വന്നു കൊഞ്ചിയോ’ തുടങ്ങിയ ഗാനങ്ങൾ കൂടി പ്രേക്ഷകർ ഏറ്റെടുത്തതോടെ സംഗീതസംവിധാന രംഗത്ത്ത ലതൊട്ടപ്പന്മാരില്ലാതെ കയറിവന്ന ശ്രീജിത്ത് മലയാളികൾക്ക് ജനപ്രിയൻ ആയി മാറുകയായിരുന്നു.

ഇത്തരത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ആത്മവിശ്വാസവുമായി ഹിറ്റ് സംഗീതസംവിധായകൻ സിനിമ സംവിധാനത്തിലേക്കും കൈവെച്ച വാർത്തയാണിപ്പോൾ മലയാളികൾ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നത്. വെറുമൊരു സൗണ്ട് എൻജിനീയറായി സിനിമയിലേക്ക് കയറിപ്പറ്റിയ യുവാവ് ഹിറ്റുകൾ മാത്രം കൊടുത്ത സംഗീതസംവിധായകനായും പാട്ടുകാരനായും ഏറ്റവുമൊടുവിലിപ്പോൾ തിരക്കഥാകൃത്തായും ഗാനരചയിതാവായും സിനിമ സംവിധായകനുമൊക്കെയായി മാറുന്ന കൗതുക കാഴ്ച.

ആഗസ്റ്റ് 9 ന് റിലീസ് പ്രഖ്യാപിച്ച ‘സിക്കാഡ’ എന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സംഗീത സംവിധായക കുപ്പായം ആദ്യമായി അണിയുന്നത്. മലയാളത്തിലെ തന്റെ കന്നി ചിത്രമായ മധുരനാരങ്ങയിലേക്ക് തന്നെ ചിത്രത്തിന്റെ സംവിധായകന് നിർദ്ദേശിച്ച സുഹൃത്ത് തന്നെയാണ് തന്റെ ആദ്യ സിനിമ സ്വപ്നത്തിലേയും നായകൻ എന്നത് മറ്റൊരു യാദൃശ്ചികം

സർവൈവർ ഗണത്തിലേക്ക് കടന്നുവരുന്ന സിക്കാഡയിലെ നായകൻ ‘ഗോൾ’ ഫെയിം രജിത് മേനോൻ ആണ്. ഗായത്രി മയൂരയാണ് നടി. പത്തു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നടൻ രജിത് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ശ്രീജിത്ത് ഇടവന ചിത്രത്തിനുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊരുക്കിയ ചിത്രം
തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിലെ നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത് തന്നെയാണ്. സിക്കാഡയുടെ മലയാളം പതിപ്പിലെ റൊമാന്റിക് സോങ് ‘തുലാമഴ’ ഇതിനകം വിവിധ പ്ലാറ്റുഫോമുകളിൽ ഹിറ്റ് ആണ്.

സിക്കാഡയിലെ പാട്ട് കാണാം..

പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന
സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ. സ് ദിനേശ്, പ്രമോഷൻ& മാർക്കറ്റിംഗ്: മൂവി ഗാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply