ഇന്ധനവില വർധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെ വിമാനത്തിനുള്ളിൽ തർക്കം. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടർന്ന് തർക്കമാവുകയായിരുന്നു. ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു. വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു.