തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വർധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 96ന് അടുത്തെത്തി.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.63 രൂപയും ഡീസലിന് 90.4 രൂപയുമാണ് ഇന്നത്തെ വില.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടർച്ചയായ ദിവസങ്ങളിലാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർച്ചയായുള്ള വില വർദ്ധനവിന് ശമനമുണ്ടായിരുന്നതാണ്. എന്നാൽ ഈ മാസം മാത്രം ഇതിനോടകം 15 തവണ വില വർധിപ്പിച്ചു. ഫെബ്രുവരിയിൽ 16 തവണയാണ് വില വർധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷം വർദ്ധനവ് ഉണ്ടായിരിക്കുന്നത്.