Spread the love
ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ: വി.ഡി സതീശൻ

ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം. ലഹരിയിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ അവസാനം വരെ സർക്കാരിന് ഒപ്പമുണ്ടാകും. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം തന്നെയാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. എക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു. സർക്കാർ വലിയ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ്‌ എം.എൽ.എ ചൂണ്ടിക്കാട്ടി. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുകയാണ്. കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളം മയക്കുമരുന്ന് ബാധിത മേഖലയായി മാറിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാൻ അധികൃതർ ഇക്കാര്യം മനപൂർവം മറച്ചുവെക്കുകയാണെന്നും പി.സി വിഷ്ണുനാഥ്‌ ചൂണ്ടിക്കാട്ടി.

ഗൗരവമുള്ള വിഷയം സഭയിൽ അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിന് അഭിനന്ദനം അറിയിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. ലഹരിക്കെതിരായ നിലപാടിൽ സഭ ഒരുമിച്ചു നിൽക്കുന്നുവെന്ന സന്ദേശമാണ് പ്രതിപക്ഷം നൽകിയത്.
മുഖ്യമന്ത്രി പറഞ്ഞ പദ്ധതികൾക്ക് സഭയുടെ പിന്തുണയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

Leave a Reply