Spread the love

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗ പുരോഗതി വിലയിരുത്തല്‍, ഹരിതകേരളം, ലൈഫ്-ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകന ചെയ്യുന്നതിന് അടിയന്തിര യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതി പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമയബന്ധിതമായി പരിശോധിച്ച് നടപടികള്‍ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ വീടിനാവശ്യമായ മൂന്ന് സെന്റ് സ്ഥലം ഇല്ലാത്ത 100 -ലധികം കുടുംബങ്ങളുണ്ടെന്നും മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ ക്യാമ്പയിന് പ്രാധാന്യം നല്‍കണമെന്ന് പി.പി സുമോദ് എം.എല്‍.എ ആവശ്യപ്പെട്ടു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിവിധ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ഗവ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് യോഗത്തില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അറിയിച്ചു. കാഞ്ഞിരപ്പുഴ-പൂഞ്ചോല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവരിലും അരിവാള്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.

കുടിവെള്ളം-വൈദ്യുതി എന്നിവ അടിയന്തര ആവശ്യമായി പരിഗണിച്ച് ജില്ലയില്‍ വരള്‍ച്ച- കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ മുഖേന വിവിധയിടങ്ങളിലെ കുടിവെള്ള പ്രശനം പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ തീപിടുത്തങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും ആളുകള്‍ക്ക് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ജാഗ്രത നല്‍കാന്‍ ശ്രദ്ധിക്കണമെന്നും യോഗത്തി കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു.

ചാലിശ്ശേരി-കൈയിലിയാട് പാടശേഖര സമിതിയിലെ പതിനഞ്ചോളം കര്‍ഷകരുടെ 30 ടണ്‍ നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഓരോ പഞ്ചായത്തുകളിലും ഫീല്‍ഡ് സ്റ്റാഫുകളെത്തി കര്‍ഷകരെ നേരിട്ട് കണ്ട് നെല്ല് സംഭരിച്ച് സ്ലിപ് കൈമാറുന്നതായും ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു. നെല്ല് സംഭരണത്തില്‍ പരാതിയില്ലാതെ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുകയും നെല്ലിന്റെ വില ഇനിയും ലഭിക്കാത്ത കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായി കേരള ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും തുക അക്കൗണ്ടുകളിലേക്ക് എത്തുമെന്നും പാഡി മാര്‍ക്കറ്റ് ഓഫീസര്‍ അറിയിച്ചു. വന്യമൃഗ ശല്യം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ കൃതൃസമയങ്ങളില്‍ ആര്‍.ആര്‍.ടീ ടീമിന്റെ സേവനം ഉറപ്പാക്കണമെന്ന് രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി.മാധവന്‍ പറഞ്ഞു. പാലക്കാട് റേഞ്ചിലാണ് കൂടുതലായി വന്യമൃഗശല്യമുള്ളതെന്നും ഈ മേഖലയില്‍ കൃഷിനാശം കൂടുതലാണെന്നും പ്രദേശത്ത് 10 കിലോമീറ്റര്‍ പരിധിയില്‍ ഹാങ്ങിംഗ്് ഫെന്‍സിങ് ഉറപ്പാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് പരിധിയില്‍ ജനങ്ങളുടെ സഹകരണത്തോടെ സോളാര്‍ ഫെന്‍സിങ് പരിപാലനം ഉറപ്പാക്കുന്നുണ്ടെന്നും നാല് ആര്‍.ആര്‍.ടി ടീം പ്രവര്‍ത്തിക്കുന്നതായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സോളാര്‍ ഫെന്‍സിങ് പരിചരണം നടക്കുന്നതായും ജനജാഗ്രത സമിതികള്‍ കൃത്യമായി ചേരുന്നതായും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. ജില്ലയില്‍ കരിമ്പയില്‍ തേനീച്ച കുത്തി മരണപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായത്തിനുള്ള നടപടി സ്വീകരിച്ചതായും ഡി.എഫ്.ഒ പറഞ്ഞു. ആര്‍.ആര്‍.ടി ടീമിന്റെ സേവനം കൃത്യമായി ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.

ചുള്ളിയാര്‍-മീന്‍കര അണക്കെട്ടുകളില്‍ നിന്നും നീക്കം ചെയ്യുന്ന ചെളി-മണ്ണ് പ്രാദേശിക മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ ഉപകാരപ്രദമാകുമെന്ന് യോഗത്തില്‍ രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി അറിയിച്ചതിനാല്‍ ചെളിനീക്കത്തിന് ടെന്‍ഡര്‍ ചെയ്തിട്ടുള്ളതിനാല്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരോട് ഇത് സംബന്ധിച്ച് സംസാരിക്കാമെന്ന് എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍, ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നവകേരളം കര്‍മ്മ പദ്ധതി: ജല സുരക്ഷിക്കായി ജല ബജറ്റ് സുസ്ഥിര വികസനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജല സുരക്ഷിക്കായി ജലബജറ്റിന് രൂപം നല്‍കുന്നു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യത -വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത് ചിറ്റൂര്‍ ബ്ലോക്കിനെയാണ്. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്. ജല ബജറ്റിന്റെ വിവരശേഖരണം മാര്‍ച്ച് രണ്ടിന് ആരംഭിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി പറഞ്ഞു.

കുടിവെള്ളം, കാര്‍ഷികം, വ്യവസായം, വിനോദസഞ്ചാരം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജലം ആവശ്യമാണ.് ഇവ നിറവേറ്റുന്നതിന് വേണ്ടത്ര ജലലഭ്യത ഉറപ്പാക്കാന്‍ വിവിധ ഇടപെടലുകള്‍ ആവശ്യമായി വരുന്നുണ്ട്. അതിന് സഹായകരമായ അടിസ്ഥാന രേഖയാണ് ജലബജറ്റ് വിഭാഗം ചെയ്യുന്നത്. പ്രാദേശിക പ്രത്യേകതകള്‍, സാഹചര്യം, സാധ്യതകള്‍ എന്നിവ ജലബജറ്റ് തയ്യാറാക്കുമ്പോള്‍ വിവര ശേഖരണത്തിന്റെ ഭാഗമാകും. പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിനാണ് ജല ബജറ്റ്.

Leave a Reply