തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർനടപടികൾ ഇന്ന് തടുങ്ങിയേക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് ആരംഭിക്കും. അമ്മ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമാണ് പരിശോധന. ഇതിനായി ആദ്യം അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകൾ സ്വീകരിക്കും. പാരിശോധന ഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നടത്തുക.
ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ തിരികെയെത്തിച്ചത്. കുഞ്ഞിനെ ഇപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല. അതേസമയം സമരം നിർത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിനെ തിരികെ എത്തിക്കുന്നത് മാത്രമായിരുന്നില്ല ലക്ഷ്യമെന്നും എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടണമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അനുപമയുടെ പ്രതികരണം. ഡിഎൻഎ പരിശോധനയ്ക്ക് ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും അനുപമ വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ആന്ധ്രയിൽ നിന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തു എത്തിച്ചത്. ഡിഎൻഎ ഫലം വന്നാലുടൻ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറും. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും. ആന്ധ്രാപ്രദേശ് ദമ്പതികളിൽ നിന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി വിമാനം കയറിയത്. ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. പിന്നാലെയാണ് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിച്ചത്.