കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചു. ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമായത്.
പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. പാതയിൽ നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തീർഥാടകർക്ക് സന്നിധാനത്ത് രാത്രിയിൽ തങ്ങാനും അനുമതി നൽകിയിട്ടുണ്ട്. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു.
ഇതിനു പുറമേ, പമ്പാസ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും തീർഥാടകർക്ക് അനുമതിയായി. എന്നാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കും.