പ്രമുഖ സെലിബ്രിറ്റികളെ ഇടയ്ക്കിടെ കൊല്ലാറുള്ള സ്ഥലമാണ് സോഷ്യൽ മീഡിയ. ഇത്തരത്തിൽ സ്വന്തം മരണവാർത്ത കേട്ട് സഹികെടു മ്പോൾ പല താരങ്ങളും തങ്ങൾ സുരക്ഷിതരാണെന്നും ഇത്തരം വ്യാജവാർത്ത പ്രചരിപ്പിച്ച് കുടുംബത്തെയും സുഹൃത്തുക്കളെയും ബുദ്ധിമുട്ടിക്കരുതെന്നും വ്യക്തമാക്കി പലകുറി രംഗത്ത് വരേണ്ടിയും വന്നിട്ടുണ്ട്.
ഈയടുത്ത്മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് ഗുരുതരാവസ്ഥയിൽ എന്ന തരത്തിൽ വാർത്ത പ്രചരിച്ചപ്പോൾ സത്യാവസ്ഥ ഇതല്ലെന്ന് വ്യക്തമാക്കി മകൻ വിജയ് യേശുദാസ് രംഗത്ത് വരേണ്ടി വന്നതും മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ചെറുകുടലിൽ ക്യാൻസർ ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത പരന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ കുമിഞ്ഞു കൂടിയതും സഹികെട്ടു വിശദീകരണവുമായി താരത്തിന്റെ അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയതുമെല്ലാം നമ്മൾ കണ്ടതാണ്. ഇത്തരത്തിൽ സ്വന്തം മരണവാർത്തയിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഗായകൻ ജി വേണുഗോപാലും.
ജി വേണുഗോപാലിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ….😁😁😁 VG.#allfuturedeathmerchants