ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിന്റെ മധുരസ്വരം മലയാളികൾക്കു മാത്രമല്ല തമിഴനും തെലുങ്കനും പ്രിയങ്കരമാണ്. സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണദ്ദേഹം. “ചന്ദനമണിവാതിൽ”, “കാണാനഴകുള്ള മാണിക്യക്കുയിലെ”, “ആടടീ ആടാടടീ” എന്നീ ഗാനങ്ങൾ തന്റെ ആലാപനശൈലിയാൽ മനോഹരമാക്കി മാറ്റിയ ഗായകൻ.വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്.
ചിത്രയെക്കുറിച്ച് അധികമാരും അറിയാത്ത കഥ പങ്കുവെക്കുകയാണ് വേണുഗോപാൽ. ഭാര്യാ സഹോദരൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയാണെന്നാണ് അദ്ദേഹം പറയുന്നത്
വാക്കുകൾ,
എന്റെ ഭാര്യാ സഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണർത്തിയത് ചിത്രയുടെ സ്വരമാണ്. സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററിൽ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന പാട്ടിന്റെ ഏതാനും വരികൾ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പ്രതികരിച്ചു. ‘ദ് ഗോൾഡൻ വോയ്‌സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു.