മലയാള സിനിമകളുടെ കഴിവും അധ്വാനവും പാൻ ഇന്ത്യൻ ലെവലിൽ തന്നെ അംഗീകരിച്ച ഒരു വർഷങ്ങളായിരുന്നു 2023 -24. മോളിവുഡിന്റെ ഒരു ചില സിനിമകൾ കേരളം കഴിഞ്ഞു ചിലപ്പോൾ തെന്നിന്ത്യ വരെ ഹിറ്റടിക്കുന്ന അപൂർവ കാഴ്ചകൾക്ക് പകരം പാൻ ഇന്ത്യൻ ലെവലിൽ തുടരെത്തുടരെ വൻ കലക്ഷനിലും പ്രേക്ഷകപ്രീതിയിലും മലയാള സിനിമകൾ സാക്ഷ്യം വഹിക്കുന്ന രീതിയായിരുന്നു ഈ കഴിഞ്ഞ വർഷങ്ങളിൽ മലയാളികൾ കണ്ടത്. പ്രേമലുവും, ഭ്രമയുഗവും, മഞ്ഞുമ്മൽ ബോയ്സും, ആടുജീവിതവും, കിഷ്കിണ്ഡാ കാണ്ടവുമൊക്കെ ഇത്തരത്തിൽ വലിയ അംഗീകാരം നേടിയ ചിത്രങ്ങൾ ആയിരുന്നു.
ഇത്തരത്തിൽ സന്തോഷം നൽകുന്ന മറ്റൊരു നേട്ടം കൂടി മലയാളത്തെ തേടി വന്നെത്തിയിരിക്കുകയാണ്. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ആദ്യ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇക്കുറി ഒരു മലയാള സിനിമയും ഉണ്ട്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ് ആദ്യ പത്തിൽ എട്ടാം സ്ഥാനം സ്വന്തമാക്കിയത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് മഞ്ഞുമ്മൽ ബോയ്സിന്റെ ഇന്ത്യൻ കളക്ഷൻ 170 കോടിയായിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രത്തിൽ ആദ്യം കൽക്കിയാണ്. 776 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ മാത്രം കളക്ഷൻ. രണ്ടാം സ്ഥാനം ഹിന്ദി ചിത്രം സ്ത്രീ 2ഉം മൂന്നാമത് ദേവരാ പാർട്ട് വണ്ണുമാണ്.