തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എല്‍.ഡി.എഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടാം പിണറായി സര്‍ക്കാരിലെ പുനസംഘടന.
ഗണേഷ് കുമാറിന് ഗതാഗതവും, കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷിന് സിനിമാ വകുപ്പ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് ബിയുടെ ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം കാരണം ചീഫ് സെക്രട്ടറി വി വേണു ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പങ്കെടുക്കും. മന്ത്രിസഭയില്‍ പുനസംഘടനയുടെ ഭാഗമായി ആന്റണി രാജുവും, അഹമ്മദ് ദേവര്‍ കോവിലും നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു.