Spread the love

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിലേറെയായെന്ന് തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. നടനെന്ന നിലയിൽ മമ്മൂക്ക തന്റെ റോൾ മോഡലാണെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മലയാള സിനിമയിൽ മോഹൻലാലുമായും സിദ്ദിഖുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗണേഷ് കുമാർ മമ്മൂട്ടിയെക്കുറിച്ച് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

മമ്മൂക്കയുമായി നല്ല ബന്ധമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നടൻ എന്ന നിലയിൽ ഞാൻ മമ്മൂക്കയെ ഒരു റോൾ മോഡലായാണ് കണ്ടിരുന്നത്. അദ്ദേഹം എന്നിൽ നിന്ന് ഒരുപാട് അകലം പാലിക്കുന്നുണ്ട്. അതൊന്നും കുഴപ്പമില്ല. ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷത്തിൽ കൂടുതലായി. ദി കിംഗിലാണ് അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാത്തത്.

ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല. സിനിമയിൽ അവസരത്തിനായി ഞാൻ ആരോടും അഭ്യർത്ഥിച്ചിട്ടില്ല. ദൈവമായിട്ട് സിനിമയിൽ അഭിനയിക്കാൻ അവസരം തരുന്നുണ്ട്. വിശുദ്ധ ഖുറാനിൽ പറഞ്ഞതുപോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ, ഞാൻ അഭിനയിക്കേണ്ട ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഞാൻ വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

അമ്മയുടെ യോഗങ്ങളിൽ കാണുമ്പോഴെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. അദ്ദേഹത്തെ ആരാധിച്ച വ്യക്തിയാണ് ഞാൻ . ഞാൻ മമ്മൂക്കയെ ആദ്യമായി കാണുമ്പോൾ അദ്ദേഹത്തിന് 36 വയസായിരുന്നു. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ മമ്മൂക്കയെ പരിചയപ്പെടുന്നത്. അന്നുമുതൽക്കേ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ സംസാരിച്ചിട്ടുളളത്. ഇപ്പോഴും മമ്മൂക്കയ്ക്ക് വിരോധമാണ്. സിനിമയിൽ ഞാൻ ഇടയ്ക്കിടയ്ക്ക് ലാലേട്ടനെയും ഇടവേള ബാബുവിനെയും സിദ്ദിഖിനെയും വിളിക്കാറുണ്ട്. ജയറാമുമായി അപൂർവമായി സംസാരിക്കും. മുകേഷിനെ നേരിട്ടാണ് കൂടുതലും കാണുന്നത്. അയാളുടെ തമാശകൾ കേൾക്കാൻ നല്ല രസമാണ്’- ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply