Spread the love

മരട് : ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഗുണ്ടാത്തലവൻ ആനക്കാട്ടിൽ അനീഷ് ആന്റണിയെ (മരട് അനീഷ്–39) കൊച്ചി സിറ്റി പൊലീസിന്റെ സംഘം അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷൻ മരട്’ എന്നു പേരിട്ട നീക്കത്തിൽ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘം.

തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്. കേരളത്തിൽ മാത്രം അയാൾക്കെതിരെ 45ൽ അധികം ക്രിമിനൽ കേസുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു.

ഗോവയിൽ വച്ചു പവർ ബൈക്കിൽ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ അനീഷ് ചികിത്സ തേടിയത്. രണ്ടു ദിവസം മുൻപ് അനീഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞ വിവരം പൊലീസിനു ലഭിച്ചിരുന്നു. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്ന പൊലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു ഡിസ്ചാർജ് ചെയ്ത ശേഷം അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

തിങ്കളാഴ്ചയാണ് അനീഷ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിവരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനു ലഭിച്ചത്. ബൈക്ക് അപകടത്തിൽ വലത്തേ തോളെല്ലിൽ നിന്നു മാംസപേശി വേർപെട്ട നിലയിലാണ് അനീഷ് ആശുപത്രിയിലെത്തിയത്. അനീഷിന്റെ എതിർ ചേരിയിൽപെട്ട ഗുണ്ടാ സംഘവുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകശ്രമ കേസിലുമാണ് അറസ്റ്റ്. അനീഷിനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു. ഡിസിപി എസ്.ശശിധരൻ, എസിപിമാരായ പി.രാജ്കുമാർ, ടി.ആർ.ജയകുമാർ, പി.വി.ബേബി, ഇൻസ്പെക്ടർമാരായ പ്രതാപ് ചന്ദ്രൻ, വിപിൻദാസ്, തൃദീപ് ചന്ദ്രൻ, എസ്ഐമാരായ അഖിൽ, എയിൻബാബു. ജിൻസൻ ഡൊമിനിക്, സെബാസ്റ്റ്യൻ.പി.ചാക്കോ, രതീഷ്, ജോസി, സുനേഖ്, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ സന്ദീപ് കുമാർ, വിബിൻ, ജിത്തു. ശബരിനാഥ്, വിഷ്ണു, മനീഷ്, ശ്രീജിത് എന്നിവരാണ് ‘ഓപ്പറേഷൻ മരടിൽ’ പങ്കെടുത്തത്.

Leave a Reply