ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. കേസിൽ ഹൈദരാബാദ് പൊലീസ് ശനിയാഴ്ച രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു പ്രതിയായ സദുദ്ദീൻ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു, മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. വെസ്റ്റ് സോൺ ഡിസിപി ജോയൽ ഡേവിസ് പറയുന്നതനുസരിച്ച്, തിരിച്ചറിഞ്ഞ 5 കുറ്റവാളികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെ. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ ടിആർഎസ് നേതാവിന്റെ കുടുംബത്തിലുള്ളതാണെന്നും റിപോർട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിൽ കഴിഞ്ഞയാഴ്ച ഒരു പബ്ബിൽ ഗെറ്റ് ടുഗെതർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. മെയ് 31 ന് ഇരയുടെ കുടുംബാംഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസ് ഫയൽ ചെയ്തു. പിന്നീട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.
വെള്ളിയാഴ്ച രാത്രി വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു, ഇരയുടെ പിതാവിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഒരു സ്ത്രീയുടെ മാന്യത ലംഘിച്ചതിനും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.