Spread the love

ന്യൂഡൽഹി∙ യുവതിയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ മൂന്നുപ്രതികൾക്കു വധശിക്ഷ വിധിച്ചു ഡൽഹി കോടതി. മുഹമ്മദ് അക്രം, ഷാഹിദ്, റഫാദ് അലി എന്നീ പ്രതികൾക്ക് തിസ് ഹസാരി കോടതി ജഡ്ജിയാണു വധശിക്ഷ വിധിച്ചത്. 2015 ൽ റജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷാവിധി. പ്രതികൾ മൂന്നുപേരും 35000 രൂപ പിഴയും അടയ്ക്കണം.
യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനു പിന്നാലെ പ്രതികൾ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഏഴും ആറും വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികളെയും കൊലപ്പെടുത്തി വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മോഷ്ടിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പൊലീസ് നാലു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഡൽഹിയിലെ രഘുബിർ നഗറിലാണു ദമ്പതികൾ താമസിച്ചിരുന്നത്. ‘‘ജയ്പൂരിൽ നിന്നും തിരികെ എത്തിയ ഭർത്താവ് കാണുന്നത് കൊല്ലപ്പെട്ട തന്റെ ഭാര്യയുടെ മൃതദേഹത്തിന് അരികെ മൂന്നും രണ്ടും ഒന്നും വയസ്സായ കുഞ്ഞുങ്ങൾ ഉറങ്ങുന്നതാണ്. ഏറ്റവും ചെറിയ കുട്ടിക്ക് ഒരു വയസ്സു മാത്രമാണ് പ്രായം. ഇത്തരമൊരു അവസ്ഥയിൽ ആർക്കും ആ കുഞ്ഞുങ്ങളോട് സഹതാപം തോന്നും. എന്നാൽ യുവതിയുടെയും മറ്റ് രണ്ടുകുട്ടികളുടെയും ജീവനെടുക്കാൻ പ്രതികൾ ഒട്ടും മടിച്ചില്ല’’ – കോടതി നിരീക്ഷിച്ചു.

Leave a Reply