പുണെ/ന്യൂഡൽഹി∙ സാമ്പത്തിക തർക്കത്തെ തുടർന്നു ഗുണ്ടയെ സംഘാംഗങ്ങൾ വെടിവച്ചുകൊപ്പെടുത്തി. ശരദ് മൊഹോൽ എന്ന ഗുണ്ടയാണു സംഘാംഗങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പുണെയിലെ കോത്റുഡിലെ ഒരു ഇടവഴിയിൽവച്ച് സംഘം ശരദ് മൊഹോലിനെ വെടിവയ്ക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിയേറ്റു വീണ ശരദ് മൊഹോലിനെ സഹായികൾ സഥലത്തുനിന്നു മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ആശുപത്രിയിൽ വച്ചാണു ശരദ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 1.30നാണു സംഭവം നടന്നത്. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടെണ്ണം വലതു തോളിലും തുളഞ്ഞുകയറി. സംഭവ ദിവസം മൊഹോലിന്റെ വിവാഹ വാർഷികമായിരുന്നെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ എട്ടുപേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നു തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരുടെ പക്കൽനിന്നും കണ്ടെത്തി.